കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഹൈക്കോടതി നല്‍കിയ പോലീസ് സംരക്ഷണം തുടരും. സെന്റ് മേരീസ് ബസിലിക്കയില്‍ മാര്‍ താഴത്ത് നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പൂതവേലിലിനും പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. വിമത വിഭാഗത്തില്‍ നിന്നും സുരക്ഷാഭീഷണിയുണ്ടെന്ന ഹര്‍ജിയിലാണ് നിര്‍ദേശം. ഇരുവരുടേയും ജീവന് സംരക്ഷണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുക്കുന്നത്.

ബസിലിക്കയില്‍ ക്രമസമാധാനം ഉറപ്പാക്കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കി. പള്ളിക്കകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കണം. ഹര്‍ജികള്‍ ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കും. നേരത്തെ, മാര്‍ താഴത്തിന് പോലീസ് സംരക്ഷണം നല്‍കിയ കോടതി, ഇത് ജീവനുള്ള സുരക്ഷയാണെന്നും കുര്‍ബാന ചൊല്ലാന്‍ ഉപാധിയാക്കരുതെന്നൂം നിര്‍ദേശിച്ചിരുന്നു. ഇതില്‍ കോടതി മാറ്റം വരുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം ചുമതലയേറ്റ ഫാ.പൂതവേലിലെ സിനഡ് കുര്‍ബാന ചൊല്ലാന്‍ വിശ്വാസികള്‍ അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് അദ്ദേഹം ബസിലിക്കയിലെ വൈദിക ഭവനത്തില്‍ തന്നെ തുടരുകയായിരുന്നു. നവംബര്‍ 27ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏകീകുത കുര്‍ബാന അര്‍പ്പിക്കുന്നത് വിശ്വാസികള്‍ തടഞ്ഞിരുന്നു.

അതേസമയം, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനിക ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ക്രിസ്മസ് പാതിര കുര്‍ബാനയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തില്ലെന്ന് സീറോ മലബാര്‍ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നിന്ന് അറിയിച്ചു.