വാഷിങ്ടണ്‍: ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്. ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും അത് മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

പുതുവര്‍ഷാദ്യം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ബെയ്ജിങ്ങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയില്‍ രോഗബാധയിലുണ്ടാവുന്ന ക്രമാതീതമായ വര്‍ധന ആഗോള സാമ്പത്തിക മേഖലയേയും മോശമായി ബാധിച്ചേക്കാമെന്നും അമേരിക്ക കരുതുന്നു. ‘ചൈനയുടെ ജി.ഡി.പി. കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നുണ്ട്. കോവിഡ് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ അത് ചൈനയ്ക്ക് മാത്രമല്ല, ആഗോളതലത്തിലും നല്ലതായിരിക്കും’, പ്രൈസ് പറഞ്ഞു.

സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു എന്നും കരുതപ്പെടുന്നുണ്ട്. അതേസമയം, യു.എസ് വക്താവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് തയ്യാറായില്ല.

പടിഞ്ഞാറന്‍ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് അനവധി ആളുകള്‍ മരിച്ചിരുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തവരാണ് കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട് തീപ്പിടിത്തത്തില്‍ മരണപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.