ന്യൂയോര്‍ക്ക്: 2022-ലെ ഒക്കാവ പുരസ്‌കാരം മലയാളി ശാസ്ത്രജ്ഞന്‍ ഡോ. ശ്രീ കെ. നായര്‍ക്ക്. ജപ്പാനിലെ ഒക്കാവ ഫൗണ്ടേഷനാണ് പുരസ്‌കാരദാതാക്കള്‍. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസറാണ് ഇദ്ദേഹം.

ഇമേജിങ് സാങ്കേതികതയില്‍ നൂതനമായ വഴിത്തിരിവ് സൃഷ്ടിക്കുകയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്തും കംപ്യൂട്ടര്‍ ഡിസ്‌പ്ലേയിലും ഇത് ഏറെ പ്രയോജനകരമാവുകയും ചെയ്തതാണ് ശ്രീ കെ. നായരെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ വികസനത്തിലേക്ക് നയിക്കുന്ന സാങ്കേതികവിദ്യയ്ക്ക് അടിസ്ഥാനമായിട്ടുണ്ട്.

2023 മാര്‍ച്ചില്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. കൊളംബിയ ഇമേജിങ് ആന്‍ഡ് വിഷന്‍ ലാബോറട്ടറിയുടെ ഡയറക്ടര്‍ കൂടിയാണ് ശ്രീ നായര്‍. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം, മുന്‍മുഖ്യമന്ത്രി പട്ടംതാണുപിള്ളയുടെ കൊച്ചുമകനാണ്.

അന്താരാഷ്ട്രതലത്തില്‍, ഇന്‍ഫര്‍മേഷന്‍- ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ വിശിഷ്ട സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്നതിനായി 1996- മുതലാണ് ഒക്കാവ ഫൗണ്ടേഷന്‍ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. പ്രതിവര്‍ഷം രണ്ടുപേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുക, ഇതില്‍ ഒരാള്‍ ജപ്പാന്‍ പൗരനായിരിക്കും. ഇത്തവണ ഡോ. ചീക്കോ അസകാവ എന്ന വനിതയാണ് ശ്രീ നായര്‍ക്കൊപ്പം പുരസ്‌കാരത്തിന് അര്‍ഹയായത്.