കൊച്ചി: മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണത്തില്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ച് ആരോഗ്യ സര്‍വകലാശാല. ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ല. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. കോളേജ് ലൈബ്രറി രാത്രി ഒമ്പത് മണിക്ക് അടയ്ക്കും. അതിനാല്‍ ഒമ്പതരയ്ക്ക് ഹോസ്റ്റലില്‍ എത്തണമെന്നത് നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ല. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണെന്നും സര്‍വകലാശാല കോടതിയില്‍ പറഞ്ഞു. രാത്രി 11നു ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്ന ഹര്‍ജിയിലാണ് സര്‍വകലാശാലയുടെ മറുപടി. 

ഇതിനിടെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. റീഡിങ് റൂമുകള്‍ രാത്രിയും പ്രവര്‍ത്തിക്കാമോ എന്ന കാര്യത്തില്‍ സര്‍ക്കാരിനോടു വിശദീകരണം തേടി. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളാണ് ഹോസ്റ്റലിലെ സമയക്രമം സംബന്ധിച്ച ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ മാത്രമാണ് സമയക്രമം കര്‍ശനമാക്കിയതെന്നും ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ഈ നിയന്ത്രണമില്ലെന്നും വിദ്യാര്‍ഥിനികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വിവേചനമാണെന്ന നിലപാടിലാണ് വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിച്ചത്.