കോട്ട: പ്രഭാത സവാരിക്കിറങ്ങിയ വയോധികന് കാളയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ശബരമതി കോളനിയിലെ  മഹേഷ് ചന്ദ്ര തന്‍വാര്‍ (62) ആണ് മരണപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. 

സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി, മുന്‍സിപ്പല്‍ മാനേജ്മെന്റിനും ഭരണസമിതിക്കുമെതിരെ കേസെടുക്കുമെന്ന് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ആക്രമണത്തില്‍ നിരവധി വാഹന യാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേല്‍ക്കാറുണ്ടെന്ന് നാട്ടുകാരും പരാതിപ്പെടുന്നുണ്ട്. 

മഹേഷിനെ കാള ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 
ഇതില്‍ ഒരു സ്ത്രീയും മരണപ്പെട്ട മഹേഷും വഴിയിലൂടെ നടക്കുന്നതായും കാള ആദ്യം സ്ത്രീയുടെ സമീപത്തേക്ക് പോകുന്നതായും കാണാം. എന്നാല്‍ സ്ത്രീ പെട്ടന്ന് അവിടെ നിന്ന് ഓടി പോകും പിന്നീടാണ് കാള മഹേഷിനടുത്തേക്ക് എത്തുന്നത്. അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാള പെട്ടന്ന് തന്നെ ആക്രമിക്കുകയും മതിലിനോട് ചേര്‍ന്ന് ഇടിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൊമ്പ് കൊണ്ട് ആക്രമിക്കുകയും എടുത്തെറിയുകകയും ചെയ്തു. അത് വഴി വന്ന ഒരു ബൈക്ക് യാത്രികനാണ് പിന്നീട് കാളയെ ഓടിച്ചുവിട്ടതും പരിക്കേറ്റ മഹേഷിനെ ആശുപത്രിയിലെത്തിച്ചതും.