ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യ യുഎന്നിന് സമ്മാനമായി നൽകിയതാണ് ഈ ഗാന്ധി പ്രതിമ. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പത്മശ്രീ അവാർഡ് ജേതാവ് രാം സുതാർ ആണ് പ്രതിമയുടെ ശിൽപി. സ്റ്റാച്യൂ ഓഫ് യൂണിറ്റി രൂപകൽപ്പന ചെയ്തതും രാം സുതാർ ആണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷത ഡിസംബർ മാസത്തിൽ ഇന്ത്യയ്ക്കാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ മഹാത്മാഗാന്ധിയുടെ ഈ പ്രതിമ യുഎന്നിന് സമ്മാനമായി നൽകിയത്. 

മഹാത്മാഗാന്ധിയുടെ അഹിംസയുടെയും സമാധാനത്തിന്റെയും ആശയങ്ങൾ ഇപ്പോഴും പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ഈ അവസരത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ഇത് യുദ്ധകാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. 

പ്രതിമ അനാച്ഛാദനത്തിന് ശേഷം ഭീകരതയെ കുറിച്ച് എസ് ജയശങ്കർ വലിയ പ്രസ്താവന നടത്തി. ലോകം അക്രമവും യുദ്ധവും കൊണ്ട് പൊറുതിമുട്ടുന്ന ഈ സമയത്ത് മഹാത്മാഗാന്ധിയുടെ തത്വങ്ങൾക്ക് മാത്രമേ വഴികാട്ടാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ തത്വങ്ങളിലൂടെ സമാധാനം പുനസ്ഥാപിക്കാമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ പാക്കിസ്ഥാന്റെയും ചൈനയുടെയും പേരുകൾ പരാമർശിക്കാതെ, ചില രാജ്യങ്ങൾ ഭീകരരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വിദേശകാര്യമന്ത്രിക്ക് വേണ്ടി ഊന്നിപ്പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കാൻ ചില രാജ്യങ്ങൾ ബഹുമുഖ ഫോറങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.