കാണ്‍പൂര്‍: അധ്യാപകന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന്  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശിവാനി എന്ന വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണ്‍പൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡ് സ്‌കൂളിലാണ് സംഭവം. ‘സ്‌കൂളില്‍ നിനക്ക് മെത്ത തരണോ’ എന്ന് ചോദിച്ച് അധ്യാപകന്‍ ഘനശ്യാം ശിവാനിയെ അപമാനിക്കുകയായിരുന്നു. മറ്റ് കുട്ടികള്‍ക്ക് മുന്നിലുണ്ടായ അപമാനത്തില്‍ മനംനൊന്ത് ശിവാനി സ്‌കൂളിന്റെ ടെറസില്‍ നിന്ന് ചാടുകയായിരുന്നു. 

ക്ലാസ് ലീഡര്‍ പറയുന്നത് കേട്ട് അധ്യാപകന്‍ പലപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും ശിവാനി ആരോപിച്ചു. മണിക്കൂറുകളോളം ക്ലാസിന് പുറത്ത് നിര്‍ത്തിയും അപമാനിച്ചിട്ടുണ്ട്.  പ്രിന്‍സിപ്പലിനോട് ഇതേപറ്റി പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും കുട്ടി പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥിനിയുടെ എല്ലാ ആരോപണങ്ങളും  ഘനശ്യാം നിഷേധിച്ചു. ക്ലാസ് ലീഡര്‍ ശിവാനിയുടെ കള്ളത്തരങ്ങള്‍ പിടികൂടിയെന്നും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. ശിവാനി എപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കാറുണ്ടായിരുന്നു ഇതിന്റെ പേരില്‍ പ്രിന്‍സിപ്പലിന്റെ അടുത്തും കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അധ്യാപകരോടുള്ള ശിവാനിയുടെ സമീപനം ശരിയല്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീത പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.