കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും തമ്മില്‍ എന്താണ് ബന്ധമെന്ന് വ്യക്തമാകാനുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്ന വ്യക്തിയുടെ വിധിക്ക് നിയമബോധമുള്ള ഡിവിഷന്‍ ബെഞ്ച് വില കല്‍പിച്ചില്ലെന്നത് സ്വാഗതാര്‍ഹമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. 

കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള അദ്ദേഹത്തിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ‘ദേവന്‍ രാമചന്ദ്രന്‍ നിയമം’ വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വരികയാണെന്ന് എംവി ജയരാജന്‍ ചൂണ്ടിക്കാട്ടി.

സെര്‍ച്ച് കമ്മറ്റിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കുറവുണ്ടെങ്കില്‍ സംസ്ഥാന നിയമസഭയാണ് നിയമനിര്‍മാണം നടത്തേണ്ടതെന്നും ഗവര്‍ണറും ജസ്റ്റിസുമാരുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇരുകൂട്ടരും ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.