തിരുവനന്തപുരം: കേരളത്തിലെ ക്രെെസ്തവ സഭകളിലെ ബിഷപ്പുമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക വിരുന്നൊരുക്കുന്നതായി റിപ്പോർട്ടുകൾ. ഗവര്‍ണറുടെ ക്രിസ്‌മസ്‌ വിരുന്നു ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി ബിഷപ്പുമാര്‍ക്കായി ക്രിസ്‌മസ്‌ വിരുന്നൊരുക്കുന്നത്. വരുന്ന 20-ന്‌ ഉച്ചയ്‌ക്ക്‌ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചാണ് വിരുന്നു നടക്കുന്നത്. ഈ വിരുന്നിലേക്ക് എല്ലാ സഭകളിലെയും ബിഷപ്പുമാരെ ക്ഷണിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ക്രൈസ്‌തവ സഭകളെ ഒപ്പംനിര്‍ത്താന്‍ പുതിയ പദ്ധതികളുമായി ബിജെപി രംഗത്ത് വരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത നീക്കം. ക്രൈസ്തവസഭകളുമായിട്ടുള്ള സംസ്ഥാന സർക്കാരിൻ്റെയും  ഇടതുമുന്നണിയുടെയും സൗഹൃദം ഊട്ടിയുറപ്പിക്കുകയാണു വിരുന്നിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചനകൾ. 

കഴിഞ്ഞ കുറച്ചു കാലമായി ക്രൈസ്തവ സഭകളെ ഒപ്പം നിർത്തുവാൻ ബിജെപി നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ക്രൈസ്തവ സഭാ മേലധ്യക്ഷൻ്റെ ഭാഗത്തുനിന്നും നാർക്കോട്ടിക് ജിഹാദ് പരാമർശം ഉയർന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുവാൻ മുന്നിൽ നിന്നത് ബിജെപിയാണ്. നേരത്തെ തന്നെ ബിജെപി പിന്തുണയോടെ പുതിയ ക്രൈസ്‌തവ പാര്‍ട്ടി രൂപം കൊള്ളുന്നുവെന്ന അഭ്യൂഹവും ഉയർന്നിരുന്നു. നിലവിൽ ഇടതു മുന്നണിയുടെ ഭാഗമായി നിൽക്കുന്ന ജോസ് കെ മാണി വിഭാഗത്തെ അടർത്തിയെടുത്ത് പുതിയ മുന്നണിയുടെ ചുമതല കൈമാറുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ വിഴിഞ്ഞം സമരത്തിൽ ബിഷപ്പിനെതിരെ കേസെടുത്ത സർക്കാർ നിലപാടിനെ വിമർശിച്ച് ജോസ് കെ മാണി രംഗത്തെത്തുകയും ചെയ്തിരുന്നു. 

കേരളകോൺഗ്രസിൽ വിള്ളലുണ്ടാക്കി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു ബിജെപിയുടെ ഉദ്ദേശ്യം. എന്നാൽ നിലവിൽ ആ സാഹചര്യമല്ല നിലനിൽക്കുന്നത് എന്നാണ് ബിജെപി കരുതുന്നത്. ജോസ് കെ മാണി സഭാ വിഷയത്തിൽ എൽഡിഎഫുമായി ഇടഞ്ഞാൽ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ നിന്നും പുറത്തിറക്കാൻ സാധിക്കും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കത്തോലിക്കാ സഭയിലെ തന്നെ ഒരു വിഭാഗം ഇതിനായി സജീവമായി രംഗത്തുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപുതന്നെ ക്രൈസ്‌തവ സഭകളുമായി ധാരണയിൽ എത്തുവാനുള്ള ശ്രമങ്ങളാണ് ബിജെപി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ നീക്കങ്ങൾ വിജയത്തിലേക്ക് പോകുന്നതിനിടയിലാണ് മറു നീക്കവുമായി മുഖ്യമന്ത്രി രംഗത്തെത്തുന്നതും. 

വിഴിഞ്ഞം പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി തുറമുഖ നിർമാണത്തിന് പ്രതിസന്ധി നേരിട്ട സാഹചര്യത്തിലൊന്നും സംസ്ഥാന സർക്കാർ സഭാനേതൃത്വത്തെ പിണക്കാൻ തയ്യാറായില്ല. ചർച്ചകളിലൂടെ വിഷയങ്ങൾ പരിഹരിക്കാമെന്ന് മാത്രമാണ് സർക്കാർ നിലപാട് എടുത്തത്. പ്രതിഷേധ സമരം നടന്ന സ്ഥലത്തുവച്ച് മാധ്യമപ്രവർത്തകരും അതിന് പിന്നാലെ പൊലീസും ആക്രമിക്കപ്പെട്ടപ്പോഴും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നും സഭയ്ക്ക് വിഷമമുണ്ടാക്കുന്ന യാതൊരു നടപടികളും ഉണ്ടാകില്ല. ഒടുവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നശിപ്പിച്ച് പൊലീസുകാരെ പരുക്കേൽപ്പിച്ച ശേഷമാണ് സഭാ വിശ്വാസികൾക്കെതിരെ കേസെടുക്കുവാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായത്. ശബരിമല വിഷയത്തിൽ ഉടനടി നടപടി എടുത്ത സംസ്ഥാന സർക്കാർ വിഴിഞ്ഞം പ്രശ്നത്തിൽ എന്തുകൊണ്ട് നടപടി വൈകിപ്പിക്കുന്നു എന്ന ചോദ്യം ആ സമയത്ത് ഉയർന്നിരുന്നു. 

ക്രൈസ്തവ സഭകളുമായി രമ്യതയിൽ പോകുവാനും അതുവഴി ബിജെപിയുടെ മുന്നേറ്റം തടയുവാനുമാണ് സിപിഎം നേതൃത്വം ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ഇതിൻ്റെ ഭാഗമായി ഡിസംബര്‍- ജനുവരിയില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്‌തവ സഭാതലവന്മാരുമായി കൂടിക്കാഴ്‌ച നടത്തുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. യഥാർത്ഥത്തിൽ സിപിഎമ്മിൻ്റെ ഈ നീക്കങ്ങൾ പ്രതികൂലമായി കൂടുതൽ ബാധിക്കുന്നത് ബിജെപിയെയല്ല. അത് യുഡിഎഫിനെ ആയിരിക്കും. പരമ്പരാഗതമായി സഭാവിശ്വാസികളുടെ വോട്ട് ഭൂരിപക്ഷം ലഭിക്കുന്നത് യുഡിഎഫിനാണ്. യുഡിഎഫിൻ്റെ സ്ഥാനത്തേക്ക് ബിജെപി കടന്നുവരികയും സിപിഎം സഭകളോട് പ്രീണനനയം ആവർത്തിക്കുകയും ചെയ്താൽ കനത്ത തിരിച്ചടിയായിരിക്കും യുഡിഎഫിന് സംസ്ഥാനത്ത് ഉണ്ടാവുകയെന്ന് ഉറപ്പാണ്. 

സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണെങ്കിലും ഗവർണർ നടത്തുന്ന വിരുന്നിൽ സർക്കാർ പ്രതിനിധികൾക്ക് ക്ഷണമുണ്ടായിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ്‌, ചീഫ്‌ സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ഗവർണർ വിരുന്നിൽ ക്ഷണിച്ചിരുന്നു. കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണർ ക്രിസ്‌മസ്‌ ആഘോഷം നടത്തിയത്. അതിൽ നിന്നും വിഭിന്നമായി ഇത്തവണ താനുമായി ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന സർക്കാരിനെ കൂടി ഗവർണർ വിരുന്നിൽ ക്ഷണിക്കുകയായിരുന്നു. എന്നാൽ ഗവർണർ നടത്തുന്ന ഇന്നത്തെ വിരുന്ന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഗവർണറുടെ വിരുന്ന് ബഹിഷ്കരിച്ചതിനു പിന്നാലെയാണ് സഭാ മേലധ്യക്ഷൻമാർക്ക് മുഖ്യമന്ത്രി വിരുന്നൊരുക്കുന്നു എന്ന വാർത്ത പുറത്തു വരുന്നതും.