മഹത്തായ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി എവിടെയും പോകുന്നില്ലെന്നും, ആർക്കും അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അജണ്ട ആജ്‌തക് 2022ൽ സംസാരിക്കവെയാണ് കോൺഗ്രസ് മേധാവി തന്റെ പാർട്ടിയുടെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും, പ്രശ്‌നങ്ങൾ സ്വന്തമായി പരിഹരിക്കാൻ കഴിവുള്ളവരാണെന്നും പറഞ്ഞത്.

“ഞങ്ങൾ ഇവന്റ് മാനേജ്‌മെന്റിൽ ഏർപ്പെടുന്നില്ല. ജയിക്കുമ്പോൾ അതിനെക്കുറിച്ച് വീമ്പിളക്കാറില്ല. ഞങ്ങൾ സന്തുഷ്‌ടരാണ്. തോൽക്കുമ്പോൾ, എന്ത് തെറ്റാണു സംഭവിച്ചതെന്ന് ഞങ്ങൾ വിശകലനം ചെയ്യുകയും പോരായ്‌മയകൾ പരിഹരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു” ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ വിജയത്തെക്കുറിച്ചും, പ്രധാനമന്ത്രിയും ജെപി നദ്ദയും അത് ആഘോഷിക്കുന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ ഖാർഗെ പറഞ്ഞു.

കോൺഗ്രസിന്റെ സാന്നിധ്യം കുറയുന്നുണ്ടോയെന്നും, ബിജെപി ഒന്നാം സ്ഥാനത്താണോയെന്നും അദ്ദേഹത്തോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു “ജനാധിപത്യം ഇങ്ങനെയല്ല പ്രവർത്തിക്കുന്നത്, നമ്പർ 1, നമ്പർ 2 പാർട്ടികൾ ഇല്ല, എന്തായാലും ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല”. ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയെ പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.