ബംഗ്ലാദേശിലെ ക്യാമ്പുകളിൽ നിന്ന് പലായനം ചെയ്‌ത ഏകദേശം 160 റോഹിങ്ക്യൻ അഭയാർത്ഥികൾ അവരുടെ ബോട്ടിന്റെ എഞ്ചിൻ തകരാറിലായതിനാൽ ആൻഡമാൻ കടലിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ. അഭയാർത്ഥികളിലൊരാൾ റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവിനെ (RHRI) ബന്ധപ്പെടുകയും ആൻഡമാൻ ദ്വീപുകളുടെ തെക്കുകിഴക്ക് ഇന്തോനേഷ്യയിലെ ആഷെ ലക്ഷ്യമാക്കി നീങ്ങുന്ന ബോട്ടിന്റെ കോർഡിനേറ്റുകൾ നൽകുകയും ചെയ്‌തിട്ടുണ്ട്‌.

“അവസാനമായി ബുധനാഴ്‌ചയാണ് ബന്ധപ്പെട്ടത് എന്നതിനാൽ അവർ എവിടെയാണ് ഉള്ളത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല. ഇത്തരം സഹായങ്ങൾ നൽകുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളോടും ഇവരെ സഹായിക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്” ആർഎച്ച്ആർഐ ഡയറക്‌ടർ സാബർ ക്യാവ് മിൻ ഫോണിലൂടെ പിടിഐയോട് പറഞ്ഞു.

അതേസമയം, ആർഎച്ച്ആർഐയുടെ പ്രസ്‌താവന ഇന്ത്യൻ കോസ്റ്റ് ഗാർഡിനോ ഏകീകൃത ആൻഡമാൻ & നിക്കോബാർ കമാൻഡിനോ സ്വതന്ത്രമായി പരിശോധിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തങ്ങൾക്ക് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആർഎച്ച്ആർഐ നൽകിയ വിവരങ്ങൾ അനുസരിച്ച് റോഹിങ്ക്യൻ ബോട്ട് ഇന്ത്യൻ സമുദ്ര അതിർത്തിക്ക് പുറത്താണെന്നാണ് സൂചന. 

120ഓളം സ്ത്രീകളും കുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ ഉഖിയയിലെ ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ കുട്ടുപലോങ്ങിൽ നിന്നും, അതിന്റെ സമീപത്തുള്ള മറ്റൊരു ജനസാന്ദ്രതയുള്ള അഭയാർത്ഥി ക്യാമ്പായ ബാലുകാലിയിൽ നിന്നുമാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ പലായനം ചെയ്യുന്നത്.

എന്നാൽ മാധ്യമ വാർത്തകൾക്ക് അപ്പുറം ഈ വിഷയത്തിൽ തനിക്ക് മറ്റൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ പിടിഐയോട് പ്രതികരിച്ചു. അതേസമയം, അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷൻ (യുഎൻഎച്ച്സിആർ) ഇത്തരം യാത്രകൾ നടത്തരുതെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എങ്കിലും ഏകദേശം 1900 പേരാണ് ഈ വർഷം നവംബർ വരെ അപകടകരമായ രീതിയിൽ യാത്ര ചെയ്‌തതെന്നാണ്‌ യുഎൻഎച്ച്സിആർ കണക്കുകൾ വ്യക്തമാക്കുന്നത്.