ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്താനുള്ള ചൈനയുടെ നീക്കങ്ങളെ ഇന്ത്യ തടയുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. അതിർത്തിയിൽ ചൈന നിർമ്മാണം തുടർന്നാൽ നയതന്ത്ര ബന്ധം വഷളാകുമെന്നും പാർലമെന്റിൽ ഇന്ത്യയുടെ വിദേശ നയം വിശദീകരിച്ച അദ്ദേഹം മുന്നറിയിപ്പ് നൽകി.

യഥാർത്ഥ നിയന്ത്രണ രേഖയിൽ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ല. അതിർത്തിയിൽ അവർ നടത്തുന്ന കൈയേറ്റങ്ങളും നിർമ്മാണങ്ങളും ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിച്ചിട്ടുണ്ട്. വർഷങ്ങളായി ഇതു തുടരുന്നത് ആശങ്കയുയർത്തുന്നു. ഇരുരാജ്യങ്ങളുടെയും ബന്ധം സാധാരണ നിലയിലല്ല. ഇരു രാജ്യങ്ങളുടെയും മിലിട്ടറി കമാൻഡർമാർ തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ എണ്ണ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു ചോദ്യത്തിന് ജയശങ്കർ മറുപടി പറഞ്ഞു. അവർക്ക് ലഭ്യമായതിൽ മികച്ചത് തിരഞ്ഞെടുക്കാനാണ് നിർദ്ദേശം. ഒരു രാജ്യത്തു നിന്ന് മാത്രമല്ല ഇന്ത്യ എണ്ണ വാങ്ങുന്നത്. വിപണിയിലെ മത്സരം കണക്കിലെടുത്തും ഇന്ത്യൻ ജനതയുടെ താത്പ്പര്യങ്ങൾ സംരക്ഷിച്ചുമാണ് നിലപാട് സ്വീകരിക്കുന്നത്.

യുക്രെയിൻ സംഘർഷം ഇന്ത്യൻ ജനതയ്‌ക്കുമേൽ ഏൽപ്പിച്ച പ്രത്യാഘാതങ്ങൾ മറികടക്കാൻ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. യുക്രെയിനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ചിലർ മടങ്ങി. പ്രശ്‌നത്തിന് കൃത്യമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മോദി സർക്കാർ വന്ന ശേഷം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഏറെ മെച്ചപ്പെട്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.