ഗാന്ധിനഗർ: തങ്ങളുടെ പാർട്ടി കുഞ്ഞൻ ഈച്ചയെപോലെയാണെന്ന് ആം ആദ്‌മി പാർട്ടി വക്താവ് അഭിനന്ദിത മധുർ. ഗുജറാത്തിൽ വൻഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായി അമിത് ഷാ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. മണ്ണിൽ പണിയെടുക്കുന്നവരുടെ വിജയവും സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നവരുടെ തിരസ്കരണവുമെന്ന് എ എ പിയെ ഉദ്ധരിച്ചുകൊണ്ട് അമിത് ഷാ നടത്തിയ പരാമർശത്തിലാണ് അഭിനന്ദിതയുടെ പ്രതികരണം.

ഇത്രയും വലിയ വിജയം ലഭിച്ചിട്ടും അമിത് ഷാ ചെറിയ ഈച്ചയായ തങ്ങളെക്കുറിച്ച് സംസാരിക്കുന്നത് രസകരമല്ലേ എന്നായിരുന്നു അഭിനന്ദിതയുടെ ചോദ്യം. ഇത്തരത്തിലാണോ പാർട്ടിയെ നിങ്ങൾ കാണുന്നതെന്ന് പിന്നാവെ ചോദ്യവും ഉയർന്നു. ബി ജെ പിയോട‌് തുലനം ചെയ്യുമ്പോൾ ചെറിയ ഈച്ചയായിട്ടാണ് കാണുന്നതെന്നും അവർ ഭീമൻമാരാണെന്നും തങ്ങൾ കുഞ്ഞൻമാരാണെന്നുമായിരുന്നു അഭിനന്ദിതയുടെ മറുപടി. എന്നിരുന്നാലും തങ്ങൾ പൊരുതികൊണ്ടേയിരിക്കും. വലിയൊരു വിജയം ഏറ്റുവാങ്ങിനിൽക്കുമ്പോഴും തങ്ങളപ്പോലുള്ള ചെറിയ പാർട്ടിയെക്കുറിച്ച് അവർ അസ്വസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ, ഒരു ചെറിയ ബോട്ടിൽ ഹിറ്റ് കൊണ്ട് നിങ്ങളെ ഒഴിവാക്കാൻ സാധിക്കുമെന്നാണോ അർത്ഥമാക്കിയതെന്ന ചോദ്യവുമായി ബി ജെ പി നേതാവ് അലോക് വാട്ട്‌സും രംഗത്തെത്തി. ഒരിക്കലുമല്ലെന്നും തങ്ങൾ ഏത് നിലയിലാണോ അതിൽ തൃപ്തരാണെന്നും അമിത് ഷാ തങ്ങളെക്കുറിച്ച് പരാമർശിക്കുന്നത് രസകരമാണെന്നുമായിരുന്നു അഭിനന്ദിതയുടെ പ്രതികരണം.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്ക് എത്തുമ്പോൾ മോദി പ്രഭാവം രാജ്യത്ത് എത്രമാത്രം ശക്തിയാർജിച്ചുവെന്നതിന്റെ തെളിവായി മാറുകയാണ് ഫലങ്ങൾ. ഗുജറാത്തിൽ കോൺഗ്രസിനെ നിലംപരിശാക്കി 182ൽ 158 സീറ്റ് നേടിയാണ് ബി ജെ പി വിജയകുതിപ്പ് തുടരുന്നത്. കോൺഗ്രസിന് ആകെ ലഭിച്ചത് 16 സീറ്റുകൾ മാത്രം. വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ഏറെ പ്രതീക്ഷ പുലർത്തിയ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടിയ്ക്ക് നേടാനായത് അഞ്ച് സീറ്റും മാത്രമാണ്.