ന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ 10നകം കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. മുദ്രവെച്ച കവറിൽ രേഖകൾ ഹാജരാക്കുമെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി പറയുന്നത് മാറ്റിവച്ചു. 500, 1000 നോട്ടുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് നൽകിയ 58 ഹർജികളാണ് ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. നിരോധിച്ച നോട്ടുകൾ മാറാനുള്ള സമയ പരിധി നീട്ടണമെന്നുള്ള ഹർജികളും കോടതിക്ക് മുന്നിലുണ്ട്.

സാമ്പത്തിക നയവുമായി ബന്ധപ്പെട്ട തീരുമാനമായതിനാൽ മിണ്ടാതിരിക്കില്ലെന്നും തീരുമാനമെടുത്ത രീതി പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. നിരോധനം നടന്ന് ആറ് വർഷം കഴിഞ്ഞതിനാൽ ഹർജി അക്കാദമിക് കാഴ്ചപ്പാടിൽ പരിഗണിക്കാനേ കഴിയൂ എന്നായിരുന്നു ബെഞ്ചിന്റെ ആദ്യ നിലപാട്. എന്നാൽ ദുഷ്പ്രവണത ആവർത്തിക്കാതിരിക്കാൻ നടപടി കൈക്കൊള്ളണമെന്ന മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തന്റെ വാദ ശേഷം നിരോധനവുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ഒക്ടോബർ 12ന് കോടതി നിർദ്ദേശിച്ചു.

കള്ളപ്പണം, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയവ തടയാനായിരുന്നു നോട്ട് നിരോധനമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. സാമ്പത്തിക നയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ജുഡീഷ്യറിയ്ക്ക് പരിമിതിയുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് എടുത്ത തീരുമാനമായിരുന്നു നിരോധനമെന്നും എ.ജി വ്യക്തമാക്കി. സെൻട്രൽ ബാങ്ക് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തതെന്ന് റിസർവ് ബാങ്കിന് വേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്തയും പറഞ്ഞു.