നിയമസഭയില്‍ ഗവര്‍ണ്ണര്‍ക്കനുകൂലമാകുന്ന  കോണ്‍ഗ്രസ് നീക്കത്തെ പിന്തുണക്കേണ്ടതില്ലന്ന മുസ്‌ളീം ലീഗ് നിലപാട് പിണറായി വിജയനും ലീഗ് നേതൃത്വവുമായി നടത്തിയ രഹസ്യ ചര്‍ച്ചകളെ തുടര്‍ന്നെന്ന് സൂചന.

കോണ്‍ഗ്രസിന്റെ എല്ലാ നിലപാടുകളെയും പിന്തുണക്കേണ്ടതില്ലന്ന നിലപാട് ലീഗ് നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബി ജെ പി നേതൃത്വത്തിന്റെ ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുെവന്ന് സി പി എം ആരോപിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ അവര്‍ കടുത്ത നിലപാട് കൈക്കൊള്ളുകയാണ്. അപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് കേട്ട് ഗവര്‍ണ്ണര്‍ക്കെതിരെ തുള്ളിയാല്‍ തങ്ങളുടെ രാഷ്ട്രീയ അടിത്തറയില്‍ അത് വിളളലുണ്ടാക്കുമെന്നാണ് ലീഗ് കരുതുന്നത്.

അതോടൊപ്പം ശശി തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൊള്ളുന്ന നിലപാടിനെതിരെയും കടുത്ത എതിര്‍പ്പ് ലീഗ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍ തരൂരിന് നല്‍കിയ സ്വീകരണത്തെനെതിരെ കോണ്‍ഗ്രസ് നേതൃത്വം നിലകൊണ്ടതും അത് വലിയ വിവാദമായതും ലീഗിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. കേരളം ഇനി ഭരിക്കണമെന്ന് കോണ്‍ഗ്രസിന് താല്‍പര്യമില്ലേ എന്ന് പോലും ചില ലീഗ് നേതാക്കള്‍ചോദിക്കുന്നുണ്ട്. ശശി തരൂരിന് പൊതു സമൂഹത്തില്‍ ലഭിക്കുന്ന പിന്തുണയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെങ്കിലും മുസ്‌ളീം ലീഗ് നേതൃത്വം വളരെ ക്രിയാത്മകമായി തന്നെയാണ് ഇതിനോട് പ്രതികരിക്കുന്നത്.