കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിന് മലയാളബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന് കോടതിയിൽ ഹർജിക്കാർ. പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണിതെന്നും മാറ്റനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും വ്യക്തമാക്കി.

മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്ന ദേവസ്വംബോർഡ് വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജിയിലാണ് വാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണെന്ന് ഹർജിക്കാർ ഉന്നയിച്ചു

ഹർജിയിൽ വാദംകേൾക്കാൻ ശനിയാഴ്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. സിറ്റിങ് യുട്യൂബ് വഴി തത്സമയം സംപ്രേഷണം ചെയ്തു. ആദ്യമായാണ് കേരള ഹൈക്കോടതിയിൽ ഹർജിയിൽ വാദംകേൾക്കുന്നത് തത്സമയം സംപ്രേഷണം ചെയ്തത്. അന്തിമവാദത്തിന് 17-ന് വീണ്ടും പരിഗണിക്കും.