ദോഹ: ഖത്തറിൽ കാനറികൾ ചിറകടിച്ചുയരുകയാണ്. പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ തകർത്തെറിഞ്ഞാണ് കാനറികൾ ക്വാർട്ടറിലേക്കെത്തിയത്. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം.

മത്സരത്തിൽ വിജയമുറപ്പിച്ച ഘട്ടത്തിൽ നെയ്മറേയും ഗോൾകീപ്പർ അലിസണേയും വരെ ടിറ്റെ പിൻവലിച്ചു. പകരക്കാരായി റോഡ്രിഗോയും വെവെർട്ടണുമാണ് കളത്തിലിറങ്ങിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ കാമറൂണിനെതിരേ ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീൽ കളിച്ചത്. 

ഇതോടെ ലോകകപ്പ് സ്ക്വാഡിലെ 26-പേരേയും ഖത്തർ ലോകകപ്പിൽ ബ്രസീൽ കളത്തിലിറക്കി. മൂന്ന് ഗോൾകീപ്പർമാരടക്കം എല്ലാ ടീമംഗങ്ങളേയും ബ്രസീൽ മൈതാനത്തിറക്കിയതോടെ കാനറികൾ പുതിയ ചരിത്രം കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഒരു ടൂർണമെന്റിൽ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ഉപയോഗിക്കാൻ പറ്റുന്നത്രയും താരങ്ങളെ മൈതാനത്തിറക്കിയ ആദ്യ ടീമായാണ് ബ്രസീൽ പുതുചരിത്രമെഴുതിയത്.

തുടർച്ചയായ എട്ടാം തവണയാണ് ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിലെത്തുന്നത്. ഇത്തവണ ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.