സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധപ്പൂട്ട് തകര്‍ത്ത് കാസിമെറോനേടിയ ഗോളിലേറി ബ്രസീല്‍ പ്രീക്വാര്‍ട്ടറിൽ. ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തില്‍ 83-ാം മിനിട്ടിലാണ് കാസിമെറോ ബ്രസീലിന്റെ വിജയമുറപ്പിച്ച്‌ മത്സരത്തിലെ ഒരേ ഒരുഗോള്‍ സ്കോര്‍ ചെയ്തത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീല്‍ ആറ് പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ടിക്കറ്റെടുത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബ്രസീലിനോട് തോറ്റെങ്കിലും ആദ്യ മത്സരത്തില്‍ കാമറൂണിനെ കീഴടക്കി നേടിയ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഇപ്പോഴും സജീവമാണ്.

രണ്ട് മാറ്റങ്ങളുമായാണ് ടിറ്റെ ബ്രസീലിനെ കളത്തിലിറക്കിയത്. നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എദര്‍ മിലിറ്റാവോയും ആദ്യ ഇലവനില്‍ ഇടം നേടി. സ്വിറ്റ്‌സ‌ര്‍ലന്‍ഡ് സൂപ്പര്‍താരം ഷാക്കീരിയ്ക്ക് പകരം ഇരുപതുകാരന്‍ വിംഗര്‍ ഫാബിയന്‍ റീഡറെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തി.

ഒന്നാം പകുതിയില്‍ ബ്രസീലിയന്‍ നിരയില്‍ നെയ്മറുടെ അഭാവം മുഴച്ചു നിന്നു. വിനീഷ്യസിന്റെയും റിച്ചാര്‍ലിസണിന്റെയും നീക്കങ്ങള്‍ സ്വിസ് താരങ്ങള്‍ നിഷ്പ്രയാസം നിര്‍വീര്യമാക്കി. 27-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ജറ്റ് വന്നത്. റഫീഞ്ഞയുടെ തകര്‍പ്പന്‍ പാസില്‍ നിന്ന് വിനീഷ്യസിന്റെ വോളി സ്വിസ് ഗോളി യാന്‍ സോമ്മര്‍ കൈയിലാക്കി. തുടര്‍ന്ന് റഫീഞ്ഞയുടെ ലോംഗ് റേഞ്ചറും സോമ്മര്‍ സേവ് ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലാക്കാസ് പക്വേറ്റയ്ക്ക് പകരം റോഡ്രിഗോയെ ബ്രസീല്‍ കളത്തിലിറക്കി. മറുവശത്ത് സ്വിസ് പട രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആക്രമണങ്ങള്‍ മെനഞ്ഞെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ തിരിച്ചടിയായി. 64-ാം മിനിട്ടില്‍ കസെമിറൊയുടെ മനോഹരമായ പാസില്‍ നിന്ന് വിനീഷ്യസ് വലകുലുക്കിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയ്ക്ക് ശേഷം ഓഫ് സൈഡ് വിധിക്കുകയായിരുന്നു. മത്സരം അവസാന പാദങ്ങളിലേക്ക് കടക്കവേ റിച്ചാര്‍ലിസണേയും റഫിഞ്ഞയേയും പിന്‍വലിച്ച്‌ ഗബ്രിയേല്‍ ജീസസിനേയും ആന്റണിയേയും ടിറ്റെ ആക്രമണ നിരയിലേക്ക് കൊണ്ടു വന്നു. സെര്‍ബിയക്കെതിരെ ഹീറോയായ റിച്ചാ‌ര്‍ലിസണ് ഇന്നലെ മികവിലേക്കുയ‌രാനായില്ല.

മത്സരം സമനിലയിലേക്ക് നീങ്ങവെ 83-ാം മിനിട്ടിലാണ് റോഡ്രിഗോയുടെ പാസില്‍ നിന്ന് കസെമിറൊ ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. തുടര്‍ന്നും ഗോളിനായി ബ്രസീലില്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു ഷോട്ടുപോലും ടാര്‍ജറ്റിലേക്ക് എടുക്കാനാകാതെയാണ് മത്സരം അവസാനിപ്പിച്ചത്.