ദോഹ: ഗോളടിച്ചത് ബ്രൂണോ ഫെർണാണ്ടസ് പക്ഷേ അത് ആഘോഷിച്ചതോ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ. യുറുഗ്വായ്ക്കെതിരായ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ ആശയക്കുഴപ്പത്തിന് വഴിവെച്ച് പോർച്ചുഗലിന്റെ ഗോൾ.

ഗോൾരഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 54-ാം മിനിറ്റിൽ പോർച്ചുഗൽ യുറുഗ്വായ്ക്കെതിരേ ഗോളടിച്ചു. ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഗോളടിച്ചത് എന്നാണ് ഏവരും കരുതിയത്. ഗോൾ നേട്ടം റൊണാൾഡോ തനത് ശൈലിയിൽ വലിയ ആഘോഷമാക്കുകയും ചെയ്തു. ഫിഫ വരെ ഗോളിന്റെ അവകാശം സൂപ്പർ താരത്തിന് ചാർത്തിക്കൊടുത്തു.

എന്നാൽ ഗോൾ വീണ്ടും പുനഃപരിശോധിച്ചപ്പോഴാണ് ഗോളിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് മനസ്സിലായത്. ബ്രൂണോയുടെ ക്രോസിന് റൊണാൾഡോ ഹെഡ്ഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് താരത്തിന്റെ തലയിൽ തട്ടാതെ യുറുഗ്വായ് വലയിൽ കയറുകയായിരുന്നു. അമളി മനസ്സിലാക്കിയ ഫിഫ മിനിറ്റുകൾക്ക് ശേഷം തെറ്റുതിരുത്തി. ഗോളിന്റെ അവകാശം റൊണാൾഡോയിൽ നിന്ന് ബ്രൂണോയ്ക്ക് നൽകി.

ഈ രംഗം ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലാകുകയും ചെയ്തു. ഗോളടിച്ചില്ലെന്ന് അറിഞ്ഞിട്ടും റൊണാൾഡോ എന്തിന് അത് ആഘോഷിച്ചു എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. റൊണാൾഡോയെ വിമർശിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.എന്നാൽ ചിലർ റൊണാൾഡോ പന്ത് തൊട്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. ഏതായാലും ഈ ​ഗോളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. പോർച്ചുഗലിനായി ലോകകപ്പിലെ ആദ്യ മത്സരത്തിൽ റൊണാൾഡോ പെനാൽട്ടിയിലൂടെ ഗോളടിച്ചിരുന്നു.