കോഴിക്കോട്: ശശി തരൂരിന്‍റെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി. യൂത്ത് കോണ്‍ഗ്രസിന്‍റെ പരിപാടി മാറ്റി വെച്ചതിനെ കുറിച്ച് കെപിസിസി പ്രസിഡന്‍റ് അന്വേഷിക്കണമെന്നും തരൂരിന്‍റെ പരിപാടി എം കെ രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. 

സംഭവത്തില്‍ അന്വേഷണ കമ്മിഷനെ വെക്കണമെന്നും എം കെ രാഘവന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഡിസിസി പ്രസിഡന്‍റിനെതിരെയും എം കെ രാഘവന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല. ശശി തരൂരിന്‍റെ പരിപാടിയ്ക്കായി ലോകം കാത്തിരിയ്ക്കുകയാണ്. 

കെ സുധാകരനും കെ മുരളിധരനും തരൂരിന് വിലക്കില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും ശശി തരൂരിന്‍റെ പരിപാടി വിലക്കിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയാഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും വിഷയത്തില്‍ പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.