കോഴിക്കോട്:  കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തില്‍ പ്രതികരിച്ച് ശശി തരൂര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റായി എടുക്കുമെന്നും രാഷ്ട്രീയത്തിലും അതുണ്ട്. ചുവപ്പ് കാര്‍ഡ് തരാന്‍ അംപയര്‍  ഇറങ്ങിയിട്ടില്ല, എല്ലാ കളികളിലും സെന്‍റര്‍ ഫോര്‍വേഡായാണ് കളിക്കുന്നത്’ ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.ആരെക്കെയാണ് വേണ്ടെതെന്ന് നേതൃത്വം തീരുമാനിച്ചുകാണുമെന്നും വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂര്‍ പ്രതികരിച്ചു.

രാവിലെ കോഴിക്കോട്ട് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് നാല് ദിവസത്തെ മലബാര്‍ പര്യടനത്തിനും തരൂര്‍ തുടക്കം കുറിച്ചു.അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തരൂരിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.തരൂരിന്‍റെ നീക്കങ്ങളെ കേന്ദ്രനേതൃത്വവും ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് ചലനം സൃഷ്ടിച്ച തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനുളള ശ്രമത്തിലാണ്. 14 ജില്ലകളിലും പര്യടനം നടത്തി തന്‍റെ സ്വാധീനം ഉറപ്പിക്കുകയാണ് ലക്ഷ്യം.

ശശിതരൂര്‍ പ്രധാന പെട്ട നേതാവാണെന്നും അദ്ദേഹത്തിന്‍റെ  സേവനം പാര്‍ട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ പേരില്‍ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നു.കോണ്‍ഗ്രസ് പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നതാണ് നല്ലത്. മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്‍റെ അവിഭാജ്യ ഘടകം ആണ് തരൂര്‍. എ ഐ സി സി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.