വാഷിംഗ്ടൺ: കൊളറാഡോയില്‍ സ്വവർഗ്ഗാനുരാഗ നിശാക്ലബ്ബായ ക്ലബ് ക്യൂവിൽ ശനിയാഴ്ച നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11:57 മുതൽ നിരവധി 911 ടെലഫോണ്‍ കോളുകൾ അധികാരികൾക്ക് ലഭിച്ചുവെന്നും സംഭവത്തോട് പ്രതികരിച്ചുവെന്നും കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ലെഫ്റ്റനന്റ് പമേല കാസ്ട്രോ പറഞ്ഞതായി സി‌എന്‍‌എന്‍ റിപ്പോര്‍ട്ട് ചെയ്തു.

3430 നോർത്ത് അക്കാദമി ബൊളിവാർഡിലെ അറിയപ്പെടുന്ന എൽജിബിടിക്യു+ നൈറ്റ്ക്ലബ്ബായ ക്ലബ് ക്യൂവിലാണ് വെടിവെപ്പ് നടന്നതെന്നും, വിവരം ലഭിച്ചയുടനെ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തിയെന്നും അക്രമിയെ കീഴ്പ്പെടുത്തിയെന്നും പമേല കാസ്ട്രോ പറഞ്ഞു. ആൻഡേഴ്സൺ ലീ ആൽഡ്രിച്ച് എന്ന 22-കാരനെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ വരെ ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിൽ എഫ്ബിഐയും സഹായിക്കുന്നുണ്ട്.

കെട്ടിടത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് പോലീസിന് ഇതുവരെ അറിവായിട്ടില്ല, കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

“ഞങ്ങളുടെ കമ്മ്യൂണിറ്റിക്കെതിരായ വിവേകശൂന്യമായ ആക്രമണത്തിൽ ഞങ്ങള്‍ ഖേദിക്കുന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം അർപ്പിക്കുന്നു,” എന്ന് ക്ലബ് ക്യു സോഷ്യൽ മീഡിയയിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു.

തോക്കുധാരിയെ കീഴ്പ്പെടുത്തി ഈ വിദ്വേഷ ആക്രമണം അവസാനിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പ്രതികരണങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു എന്നും പ്രസ്താവനയിൽ പറയുന്നു. വെടിവയ്പ്പ് എങ്ങനെ അവസാനിച്ചു എന്നതിന്റെ വിശദാംശങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.