പോളണ്ടില്‍ പതിച്ച മിസൈല്‍ യുക്രേനിയന്‍ സൈന്യം വിക്ഷേപിച്ചതായാണ്പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍. റഷ്യന്‍ മിസൈലിനെതിരെ പ്രയോഗിച്ചതാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പോളണ്ടില്‍ പതിച്ച മിസൈല്‍, റഷ്യന്‍ മിസൈലിലേക്ക് യുക്രൈയിന്‍ സൈന്യം തൊടുത്തുവിട്ടതാണെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് മൂന്ന് യുഎസ് ഉദ്യോഗസ്ഥര്‍ എപിയോട് പറഞ്ഞു.

യുക്രൈനെതിരായ ആക്രമണത്തിനിടെ റഷ്യന്‍ മിസൈല്‍ അതിര്‍ത്തി രാജ്യമായ പോളണ്ടില്‍ പതിച്ച് രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ആയിരിക്കില്ല സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് ജോ ബൈഡന്‍ പറഞ്ഞു.ആക്രമത്തെക്കുറിച്ച് യുഎസും നാറ്റോ സഖ്യകക്ഷികളും അന്വേഷിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രതികരണം. 

‘അതിനെ എതിര്‍ക്കുന്ന പ്രാഥമിക വിവരങ്ങളുണ്ട്. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുന്നത് വരെ അതേ കുറിച്ച് പ്രതികരിക്കുന്നില്ല. പക്ഷേ റഷ്യയില്‍ നിന്ന് ഇത്തരം ആക്രമണം ഉണ്ടാകാന്‍, നമുക്ക് നോക്കാം’ ബൈഡന്‍ പറഞ്ഞു. പോളണ്ടിലെ മിസൈല്‍ ആക്രമണത്തെതുടര്‍ന്ന് ബാലിയില്‍ നടന്ന ജി20 യോഗത്തിനിടെ ആഗോള നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്ന ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൈഡന്‍.