ട്വിറ്റർ മേധാവിയായി ഇലോൺ മസ്‌ക് എത്തിയതിന് പിന്നാലെ ഒട്ടനവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. കൂട്ടപ്പിരിച്ചുവിടലുകളും ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്ഷനും അടക്കം മസ്‌കിന്റെ തീരുമാനങ്ങളൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയും ഇന്തോനേഷ്യയുമടക്കം പല രാജ്യങ്ങളിലും ട്വിറ്റർ ആപ്പ് വളരെ മന്ദഗതിയിലാണെന്ന് മസ്‌ക് വിശ്വസിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് മസ്‌കെന്നാണ് റിപ്പോർട്ട്. 

ചില പ്രദേശങ്ങളിൽ ട്വിറ്റർ ആപ്പ് മന്ദഗതിയിലായതിന് മസ്‌ക് ഉപയോക്താക്കളോട് ക്ഷമാപണം നടത്തി. ”പല രാജ്യങ്ങളിലും ട്വിറ്റർ വളരെ സ്ലോയാണെന്ന് അറിയാൻ കഴിഞ്ഞു. അതിനാൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുകയാണെന്നും താനും സംഘവും പ്ലാറ്റ്‌ഫോം വേഗത്തിലാക്കാൻ പ്രവർത്തിക്കുകയാണെന്നും മസ്‌ക് പറഞ്ഞു. അതേസമയം ചില ട്വിറ്റർ ജീവനക്കാർ മസ്‌കിന്റെ വിലയിരുത്തൽ കൃത്യമല്ലെന്ന് പറഞ്ഞ് എത്തി. 

എന്നാൽ മസ്‌കിനെതിരെ സംസാരിച്ച ജീവനക്കാരെ അദ്ദേഹം പുറത്താക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്റേണൽ സ്ലാക്ക് ഗ്രൂപ്പുകളിൽ തനിക്കെതിരെ സംസാരിച്ച ചില ജീവനക്കാരെയും മസ്‌ക് പുറത്താക്കിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനായി ട്വിറ്ററിൽ അപ്ഡേറ്റുകൾ മസ്‌ക് ആസൂത്രണം ചെയ്യുന്നുണ്ട്. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങാനും ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

നേരത്തെ ചെലവുചുരുക്കലിന്റെ ഭാഗമായി സ്ഥാപനത്തിലെ 50 ശതമാനത്തോളം ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു. പിന്നാലെ അയ്യായിരത്തോളം കരാർ ജീവനക്കാരേയും ട്വിറ്റർ പുറത്താക്കി. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇവരെ ട്വിറ്റർ പുറത്താക്കിയത്.