ട്വിറ്റർ ബ്ലൂടിക്ക് സംവിധാനം വീണ്ടും സമാരംഭിക്കാനൊരുങ്ങി ഇലോൺ മസ്‌ക്. നവംബർ 29ന് പുനരാരംഭിക്കുമെന്ന് മസ്‌ക് പറഞ്ഞു. ബ്ലൂ ടിക്ക് സംവിധാനം താത്കാലികമായി നിർത്തിവെച്ചിരുന്നു. സംവിധാനം നിർത്തലാക്കി ഒരാഴ്ച പിന്നിടുന്നതിന് മുൻപാണ് പുതിയ ഡേറ്റ് പ്രഖ്യാപിച്ചത്. ബ്ലൂ ടിക് സേവനത്തിന് പണം ഈടാക്കുകയും ചെയ്യും. പണം അടയ്ക്കാത്ത എല്ലാ വേരിഫൈഡ് അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും മസ്‌ക് വ്യക്തമാക്കി.

പ്രതിമാസം എട്ട് ഡോളർ എന്ന നിരക്കാണ് ട്വിറ്ററിന്റെ വേരിഫൈഡ് അക്കൗണ്ട് ഉടമകൾ നൽകേണ്ടത്. ട്വിറ്റർ അതിന്റെ ഉപയോക്തൃ സേവന സംവിധാനങ്ങൾ പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബ്ലൂ ടിക്ക് സബ്ക്രിപ്ഷൻ  സേവനം നടപ്പിലാക്കുന്നത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ തടയുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് മസ്‌ക് അറിയിച്ചത്. 

അതേസമയം ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്ഷന് എട്ട് ഡോളർ അഥവാ 646.3 രൂപയാണ് മറ്റ് രാജ്യങ്ങൾ നൽകേണ്ടതെങ്കിൽ ഇന്ത്യയിൽ 719 രൂപ നൽകണം. ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്ഷൻ നവംബർ 11നാണ് താത്കാലികമായി മസ്‌ക് നിർത്തലാക്കുന്നത്. വ്യാജ അക്കൗണ്ടുകളെ തുടർന്നാണിത്.