ഗുജറാത്തിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഎപി. പ്രധാനമന്ത്രി ബിജെപിയുടെ താരപ്രചാരകനാണെന്നും ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടം ലംഘനമാണെന്നുമാണ് എപി അവകാശപ്പെടുന്നത്. ചിത്രങ്ങള്‍ നീക്കം ചെയ്യാനോ മറയ്ക്കാനോ നിര്‍ദ്ദേശം നല്‍കണമെന്ന് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. 

ഭാരതീയ ജനതാ പാര്‍ട്ടിയുടെ താര പ്രചാരകനായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എഎപി ഗുജറാത്ത് ലീഗല്‍ സെല്‍ സെക്രട്ടറി പുനീത് ജുനെജ പറഞ്ഞു.സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താരപ്രചാരകന്റെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയേക്കാമെന്നും കമ്മീഷനു നല്‍കിയ പരാതിയില്‍ എപി പറഞ്ഞു.സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളമുള്ള എല്ലാ ഓഫീസുകളിലെയും പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനോ മറയ്ക്കാനോ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും എഎപി കൂട്ടിച്ചേര്‍ത്തു.ആളുകള്‍ പതിവായി വരുന്ന സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഓഫീസുകളില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ സ്ഥാപിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരത്തിനായി ജനവിധി തേടുന്ന ബി.ജെ.പിയുടെ പ്രധാന വെല്ലുവിളിയാണ് എ.എ.പി. 178 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ എഎപി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 1, 5 തീയതികളില്‍ ആകെ 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.