ഭൂമി തര്‍ക്കത്തന്റെ പേരില്‍ വീട് കത്തിച്ചെന്ന യുവതിയുടെ പരാതിയില്‍ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ ഇര്‍ഫാന്‍ സോളങ്കിക്കും അദ്ദേഹത്തിന്റെ ഇളയ സഹോദരനും എതിരെ കേസെടുത്തു. കലാപം , തീയിടല്‍ എന്നിവക്കാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.

താനും കുടുംബവും സ്ഥലത്ത് ഇല്ലാതിരുന്ന കഴിഞ്ഞ തിങ്കളാഴ്ച രാത്രി എസ്പി നേതാവും സഹായികളും ചേര്‍ന്ന് തന്റെ വീട് നശിപ്പിച്ചുവെന്നാരോപിച്ച് ഡിഫന്‍സ് കോളനി ജജ്മൗ നിവാസി നസീര്‍ ഫാത്തിമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് എംഎല്‍എ സോളങ്കി ഒരു വീഡിയോ സന്ദേശം പുറത്തിറക്കി.ഉത്തര്‍പ്രദേശ് അസംബ്ലി സ്പീക്കര്‍ സതീഷ് മഹാന തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ശരിയായി അന്വേഷിക്കണമെന്നും നീതി ഉറപ്പാക്കാന്‍ എംഎല്‍എമാരുടെ സമിതിക്ക് രൂപം നല്‍കണമെന്നും അദ്ദേഹം വീഡിയോയിലൂടെ  അഭ്യര്‍ത്ഥിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തയുടന്‍ എസ്പി എംഎല്‍എയുടെയും സഹോദരന്റെയും വീടുകളില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. സംഭവ ദിവസം മുതല്‍ ഇവര്‍ ഇരുവരും ഒളിവിലാണ്.