മിസോറാമില്‍ ക്വാറി തകര്‍ന്നുണ്ടായ അപകടത്തില്‍ എട്ട് തൊഴിലാളികള്‍ മരണപ്പെട്ടു. തെക്കന്‍ മിസോറാമിലെ ഹ്നാഹ്തിയാലില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല് തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. 

അസം റൈഫിള്‍സ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) സൈനികരും ലോക്കല്‍ പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുളളത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഉദ്യോഗസ്ഥരും 13 ജീവനക്കാരും അടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ അത് തുടരുമെന്നും ദശീയ ദുരന്തനിവാരണ സേന പ്രസ്താവനയില്‍ പറഞ്ഞു.ക്വാറിയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 പേരില്‍ എട്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഹ്നാഹ്തി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലാല്‍റെംസംഗ പിടിഐയോട് പറഞ്ഞു. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാണാതായ 12 പേരില്‍ 4 പേര്‍ എബിസിഐ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരും മറ്റ് 8 പേര്‍ കരാര്‍ ജീവനക്കാരുമാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.