ചെന്നൈ: സിറ്റി പോലീസ് ഐ.എസ് അനുഭാവികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പരിശോധന നടത്തുന്നു. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. നഗരാതിര്‍ത്തിയിലെ കൊടുങ്ങയ്യൂര്‍, മുതുയല്‍പേട്ട്, മണ്ണടി എന്നിവിടങ്ങളിലെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.

ഐ.എസ് ബന്ധം സംശയിക്കുന്നവരെ പിടികൂടുന്നതിനായി നവംബര്‍ 10ന് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്നാട്ടിലെ 40 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അതേ ദിവസം, ചെക്ക് പോയിന്റ് ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ നിന്നും ഐ.എസ് ലഘുലേഖകളും, യുട്യൂബ് ട്യൂട്ടോറിയല്‍ വീഡിയോകളില്‍ നിന്ന് എടുത്തതായി കരുതുന്ന സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ രാസവസ്തുക്കളുടെ വിശദാംശങ്ങളുള്ള ബോംബ് സ്‌കീമാറ്റിക് കുറിപ്പുകളും കണ്ടെടുത്തിരുന്നു.

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് പിന്നീട് കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.