കോണ്‍ഗ്രസ്നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പര്യടനം നടത്തുകയാണ്. യാത്രയ്ക്കിടെ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ മഹാരാഷ്ട്രയിലെ വാഷിമിലുള്ള  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ ജനക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങവെയാണ് പ്രവര്‍ത്തകരില്‍ ഒരാള്‍ ബോധരഹിതനായി വീണത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരണം വ്യക്തമല്ല. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നവംബര്‍ 7 ന് തെലങ്കാനയിലെ മെനുരു ഗ്രാമത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള തന്ത്രമായാണ് യാത്രയെ കാണുന്നത്. 3,570 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്.

ഭാരതത്തിന്റെ ചരിത്രത്തില്‍ ഏതൊരു ഇന്ത്യക്കാരനും കാല്‍നടയായി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ മാര്‍ച്ചാണിത്. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയിലേക്ക് (നവസാരി) കാല്‍നടയായി (24 ദിവസത്തിനുള്ളില്‍ 389 കിലോമീറ്റര്‍) മഹാത്മാഗാന്ധി നടത്തിയ ദണ്ഡി മാര്‍ച്ചായിരുന്നു ഇതുവരെയുണ്ടായിരുന്ന ദൈര്‍ഘ്യമേറിയ മാര്‍ച്ചുകളിലൊന്ന്.