തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജെബി മേത്തർ എം.പി. ഭർത്താവിന്റെ വീട് ഏറ്റവും മോശപ്പെട്ട സ്ഥലമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് കേരളത്തിലെ എല്ലാ ഭർത്താക്കന്മാരേയും ആണുങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണെന്നും ജെബി മേത്തർ മാധ്യമങ്ങളോട് പറഞ്ഞു.

‘കോഴിക്കോട്, അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് സ്ത്രീവിരുദ്ധതയാണെങ്കിൽ ഞാൻ അതിൽനിന്നും പിന്നോട്ട് പോകാൻ തയ്യാറല്ല. ഭർത്താവിന്റെ വീട് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്. അത് മോശപ്പെട്ട സ്ഥലമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ കേരളത്തിലെ എല്ലാ ഭർത്താക്കന്മാരേയും ആണുങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണ്. മഹിളാ കോൺഗ്രസിന് ആണുങ്ങളെ, ഭർത്താക്കന്മാരെ അപമാനിക്കുന്ന നയമില്ല. മഹിളാ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ടേക്ക് റെസ്പെക്ട് ആൻഡ് ഗിവ് റെസ്പെക്ട്’ ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കല്യാണം കഴിഞ്ഞ അന്ന് മുതൽ ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. അതിനെ ഒരു മോശപ്പെട്ട സ്ഥലമായി ചിത്രീകരിക്കാൻ തയ്യാറല്ല. കേരളത്തിലുള്ള ആണുങ്ങൾ ആലോചിക്കണം. ഭർത്താവിന്റെ വീട് എന്നത് ഒരു മോശപ്പെട്ട സ്ഥലമാണോ എന്ന്. ഒരു സ്ത്രീയാണല്ലോ, ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് ഇരുന്നോട്ടെ എന്നുദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത്’ ജെബി മേത്തർ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോൺഗ്രസ് പ്രതിഷേധത്തിന് എത്തിയത്. ‘കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. ഇത് വിവാദമായതോടെ ഭർത്താവിന്റെ നാടെന്ന നിലയ്ക്കല്ല പോസ്റ്ററെന്ന് വിശദീകരിച്ച് ജെബി മേത്തർ മുന്നോട്ട് വന്നിരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശേരി എം.എൽ.എ. സച്ചിൻദേവാണ് തിരുവനന്തപുരം നഗരസഭാ മേയറായ ആര്യാ രാജേന്ദ്രന്റെ ജീവിതപങ്കാളി. ഭർത്താവിൻറെ നാട് കോഴിക്കോട് എന്ന നിലക്കാണ് ജെബി മേത്തർ മേയർക്കെതിരെ ഇത്തരമൊരു പരാമർശം ഉന്നയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് ആര്യാ രാജേന്ദ്രൻ ജെബി മേത്തറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.