ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ പ്രതിരോധം ഇന്ന്. രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻ രാഷ്ട്രീയ പോർമുഖം തുറക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. അതേസമയം, ഗവർണർ ഉത്തരേന്ത്യൻ പര്യടനത്തിലാണ്. 

കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണു സമരം. രാജ്‌ഭവനു മുന്നിൽ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിലെ കൂട്ടായ്‌മകളിൽ പതിനായിരങ്ങളും അണിനിരക്കുമെന്നു സമിതി അറിയിച്ചു. 

രാവിലെ 10ന്‌ മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽനിന്നു പ്രകടനം ആരംഭിക്കും. കൂട്ടായ്മ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും. 

പ്രത്യേക സുരക്ഷ

സമരത്തിന്റെ പേരിൽ രാജ്ഭവൻ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ 600 പൊലീസുകാരെ വിന്യസിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. രാവിലെ 9.30 മുതൽ ഒന്നു വരെയാണ് ഉപരോധം. രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്.