ഡൽഹി: ഡൽഹിയിൽ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. 11 ബിജെപി നേതാക്കൾ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ‘ രോഹിണിയിലെ 53-ാം വാർഡിൽ നിന്നും 11 ബിജെപി നേതാക്കളാണ് ആം ആദ്മിയിൽ ചേർന്നത്. അവരുടെ പ്രവർത്തനങ്ങൾക്ക് ബിജെപിയിൽ അർഹമായ പരിഗണന ലഭിക്കാത്ത സഹാചര്യത്തിലാണ് നേതാക്കൾ ആം ആദ്മി പാർട്ടിയിൽ ചേർന്നിരിക്കുന്നത്’- മുതിർന്ന ആപ്പ് നേതാവ് ദുർഗേഷ് പതക് പ്രതികരിച്ചു.

15 വർഷത്തോളമായി ബിജെപിയുടെ ഭാഗമായിരുന്ന നേതാക്കളാണ് ആം ആദ്മിയിൽ ചേർന്നിരിക്കുന്നത്. അവർ ഉന്നയിച്ച സാമൂഹിക പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളും ബിജെപി അവഗണിക്കുകയായിരുന്നു. ഇതാണ് ബിജെപിയുടെ നയമെന്നും ദുർഗേഷ് പതക് ആരോപിച്ചു. മുൻ വൈസ് പ്രസിഡന്റ് പൂജ അറോറ, മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ചിത്രലംബ, ഭാവന ജെയിൻ അടക്കമുള്ളവരാണ് ആം ആദ്മിയിൽ ചേർന്നത്.

അതിനിടെ കോൺഗ്രസിന് വോട്ട് ചെയ്ത് സമയം പാഴാക്കരുതെന്ന് ഗുജറാത്തിലെ ജനങ്ങളോട് താൻ അഭ്യർത്ഥിക്കുകയാണെന്ന് ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ബിജെപിയും ആം ആദ്മിയും തമ്മിലാണ് മത്സരം നടക്കുന്നത്. 182 സീറ്റുകളുള്ള ഗുജറാത്തി കോൺഗ്രസ് നാലോ അഞ്ചോ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡിസംബർ 1, 5 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 178 സീറ്റുകളിലും ആം ആദ്മി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.