ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുകഴിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത 10-15 വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകും ഇന്ത്യയെന്ന് പ്രതീക്ഷിക്കുന്നതായി നിർമ്മല സീതാരാമൻ പറഞ്ഞു.

യുഎസ്-ഇന്ത്യ ബിസിനസ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യുണിറ്റീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി. ആഗോള സാമ്പത്തിക വീക്ഷണം വെല്ലുവിളി നിറഞ്ഞതായി തുടരുകയാണെന്നും ആഗോള സാമ്പത്തിക സംഭവവികാസങ്ങളുടെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഒറ്റപ്പെട്ടിട്ടില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 

‘ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നു. ഇത് അടുത്തിടെ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി, അടുത്ത 10-15 വർഷത്തിനുള്ളിൽ ആഗോളതലത്തിൽ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നു’ നിർമ്മല സീതാരാമൻ.

സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സർക്കാർ സ്വീകരിച്ച ചില സുപ്രധാന നടപടികളാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വിവിധ മേഖലകളിലുടനീളമുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതികൾ, പിഎം ഗതിശക്തി പ്രോഗ്രാം, അർദ്ധചാലക ദൗത്യം എന്നിവയെക്കുറിച്ചും ധനമന്ത്രി പരാമർശിച്ചു. 2022 സെപ്തംബർ 30 വരെ 234 ബില്യൺ ഡോളറിന് അടുത്താണ് യുഎസ്എയിൽ നിന്നുള്ള എഫ്പിഐകളുടെ (എയുസി) കസ്റ്റഡിയിലുള്ള അസറ്റ്, ഇന്ത്യയിൽ എഫ്പിഐ നിക്ഷേപത്തിന്റെ ഏറ്റവും വലിയ ഉറവിട രാജ്യം യുഎസാണെന്നും ധനമന്ത്രി പറഞ്ഞു.