ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 68 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പോളിംഗിൽ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഹിമാചലിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് എത്തി. സാഹചര്യം കണക്കിലെടുത്ത് വിവേകത്തോടെ വോട്ട് ചെയ്യണമെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. 

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറും ഭാര്യ സാധന താക്കൂറും മക്കളായ ചന്ദ്രിക താക്കൂറും പ്രിയങ്ക താക്കൂറും വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് മാണ്ഡിയിൽ പ്രാർത്ഥന നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്നും ഇരട്ട എഞ്ചിൻ സർക്കാർ ഹിമാചലിൽ വീണ്ടും അധികാരത്തിൽ വരുമെന്നും ജയ്‌റാം താക്കൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗും എത്തി. ഹിമാചൽ പ്രദേശിലെ എല്ലാ ജനങ്ങളും വളരെ ആവേശത്തിലാണ്. എല്ലാവരും ഇന്ന് വോട്ട് രേഖപ്പെടുത്തുകയും സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ സഹകരിക്കുകയും ചെയ്യും: പ്രതിഭാ സിംഗ് പറഞ്ഞു. 412 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 

ഡിസംബർ എട്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 43 സീറ്റുകളാണുള്ളത്. സംസ്ഥാനത്ത് ആകെ 55,92,828 വോട്ടർമാരാണുള്ളത്. ഇതിൽ 28,54,945 പുരുഷന്മാരും 27,37,845 സ്ത്രീ വോട്ടർമാരുമാണ്. ഇത് കൂടാതെ ആകെ 38 മൂന്നാം ലിംഗക്കാരും വോട്ട് ചെയ്യും. 1982 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള അധികാരമാറ്റമാണ് കണ്ടത്. 

ഒരു ചെറിയ സംസ്ഥാനമാണ് ഹിമാചലെങ്കിലും ഇവിടെ രാഷ്ട്രീയ പ്രവചനങ്ങൾ നടത്തുന്നത് അത്ര എളുപ്പമല്ല. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡും 8 ലക്ഷം തൊഴിലവസരങ്ങളും നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുമ്പോൾ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഒരു ലക്ഷം തൊഴിലവസരങ്ങളും 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ടും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.