തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത ശക്തമായ സാഹചര്യത്തിൽ ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിരോധം തീർക്കാനുള്ള നീക്കത്തില്‍ ബിജെപി. ഗവർണര്‍ക്ക് അനുകൂലമായി ഗൃഹ സമ്പർക്ക പരിപാടി നടത്താനാണ് ബിജെപിയുടെ നീക്കം. ഈ മാസം 15 മുതൽ 30 വരെ സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചു. വീടുകളിൽ ലഘു ലേഖകൾ വിതരണം ചെയ്യുമെന്നും ബിജെപി വ്യക്തമാക്കി. 

കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലുകളുടെ ചുവടുപിടിച്ചാണ് ബിജെപി നീക്കം. കഴിഞ്ഞ ദിവസം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനൊപ്പം ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്‌ത്‌ ഇടതുമുന്നണി ലഘുലേഖ വിതരണം ചെയ്യുകയുമുണ്ടായി.  

സര്‍വകലാശാലകളിൽ ആര്‍എസ്എസ് അനുചരൻമാരെ നിയമിക്കാനാണ് ഗവർണറുടെ നീക്കം. ഫയലുകൾ ചാൻസലറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. ആറ് കോടി രൂപയുടെ ചാൻസലേഴ്‌സ് ട്രോഫി നഷ്‌ടപ്പെടുത്തിയെന്നും ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇടതുമുന്നണിയുടെ ലഘുലേഖ ആരോപിച്ചിരുന്നു.