മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പത്ത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. 

വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗാരേജില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അതിനിടെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്കായി സമീപത്തെ സ്റ്റേഡിയത്തില്‍ ഒരു താല്‍കാലിക കേന്ദ്രം ആരംഭിച്ചതായി മാലിദ്വീപ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

‘മാലിയിലെ തീപിടിത്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കി വേണ്ടി മാഫന്നു സ്റ്റേഡിയത്തില്‍ എന്‍ഡിഎംഎ ഒരു ഒഴിപ്പിക്കല്‍ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ സഹായത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു, ” ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഒരു ട്വീറ്റില്‍ പറഞ്ഞു.

സംഭവത്തില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ദുഃഖം രേഖപ്പെടുത്തി. മാലിദ്വീപ് അധികൃതരെ നിരന്തരം ബന്ധപ്പെടുന്നതായും ഹൈക്കമ്മീഷന്‍ അറിയിച്ചു.

മാലിയിലെ 250,000-ത്തോളം വരുന്ന ജനസംഖ്യയുടെ പകുതിയോളം വിദേശ തൊഴിലാളികളാണ്. കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വിദേശ തൊഴിലാളികള്‍ വളരെ മോശം ജീവിത സാഹചര്യങ്ങളിലാണ് തുടരുന്നതെന്ന് കോവിഡ് കാലത്ത് തന്നെ വ്യക്തമായിരുന്നു. അന്ന് സ്വദേശികളെക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് വിദേശ തൊഴിലാളികള്‍ക്കിടയില്‍ അണുബാധ പടര്‍ന്നത്.