സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആശ്രമം കത്തിച്ച സംഭവത്തില്‍ തന്റെ സഹോദരന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്.

തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്നയാളും കൂട്ടുകാരും ചേര്‍ന്നാണ് എന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.

നാലുവര്‍ഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു.

ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ച സംഭവം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ആശ്രമം സന്ദര്‍ശിച്ച് പ്രതികളെ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാല് വര്‍ഷമായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാത്തത് സര്‍ക്കാറിനും പൊലീസിനും നാണക്കേടുണ്ടാക്കിയിരുന്നു.