ന്യുയോർക്ക്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയേക്കും. നിലവിലെ സൂചനകളനുസരിച്ച് റിപ്പബ്ലിക്കൻ പാർട്ടി 220 സീറ്റും ഡെമോക്രാറ്റുകൾ 215 സീറ്റും നേടിയേക്കും.

435 അംഗ ജനപ്രതിനിധി സഭയിൽ 218 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജോ ബൈഡനും ഡെമോക്രാറ്റിക് പാർട്ടിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന പ്രവചനം തെറ്റിയെന്നാണ് ഇതുവരെയുള്ള സൂചന. നൂറ് അംഗങ്ങൾ ഉള്ള സെനറ്റിൽ ആകട്ടെ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒപ്പത്തിനൊപ്പമാണ് ഇവിടെയും സീറ്റുനില. ഇരു സഭകളിലും ലീഡ് നില നേർത്തതായതോടെ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാൻ സാധ്യതയുണ്ട്.

36 അമേരിക്കൻ സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇതിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻ‌തൂക്കം. പ്രസിഡന്‍റ് ജോ ബൈഡനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം തന്നെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും.

വരുന്ന തിങ്കളാഴ്ച വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് ഡൊണാല്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന കാര്യമായിരിക്കും ട്രംപ് പ്രഖ്യാപിക്കുക എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകണമായിട്ടില്ല.