ന്യൂഡൽഹി: ഗുരു നാനാക്ക് ദേവിന്റെ 553-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിലെ ഷഹീദ് മിനാർ പ്രദേശത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ‘ഗുർപുരാബിനോട് എനിക്ക് ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ. ദയവായി ഹൽവ എന്റെ വസതിയിലേക്ക് അയച്ചുതരിക’ പഞ്ചാബി സമൂഹത്തിന് ആശംസകൾ നേർന്ന മമത ബാനർജി പറഞ്ഞു. 

ചൊവ്വാഴ്ച നാദിയയിൽ പോകുന്നതിനാൽ ആഘോഷങ്ങൾക്ക് ഒരു ദിവസം മുമ്പാണ് മമത ബാനർജി ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ‘നിങ്ങൾ ഗുരുനാനാക്ക് ഭവനാണ് ആവശ്യപ്പെട്ടത്, എന്നാൽ ആ സ്വത്തിന് 6 കോടി രൂപയാണ്. അതിനാൽ ഞങ്ങൾക്ക് ആ സ്വത്ത് നൽകാൻ കഴിയില്ല. ഇതുസബന്ധിച്ച് ഒരു കത്ത് എഴുതണം. കൂടാതെ അവിടെ എന്തെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തണം. എങ്കിൽ ഈ 6 കോടിയുടെ സ്വത്ത് ഒരു രൂപയ്ക്ക് ഞാൻ നിങ്ങൾക്ക് തരാം’  മമതാ ബാനർജി പറഞ്ഞു.

പഞ്ചാബും ബംഗാളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മമത ബാനർജി സംസാരിച്ചു. ‘ബംഗാളിന്റെയും പഞ്ചാബിന്റെയും ചരിത്രം തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ബംഗാളും പഞ്ചാബുമാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യ സമര സേനാനികളെ നൽകിയത്. അതുകൊണ്ടാണ് രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്’ മമത ബാനർജി പറഞ്ഞു.