ന്യൂഡൽഹി: ഉദ്ധവ് താക്കറെ വിഭാഗത്തിലെ നിരവധി എംഎൽഎമാരും എംപിമാരും ഷിൻഡെ വിഭാഗത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ഡോ.ശ്രീകാന്ത് ഷിൻഡെ . ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയുമെന്ന് ശ്രീകാന്ത് ഉദ്ധവിനെ വെല്ലുവിളിച്ചു. മുംബൈയ്ക്ക് സമീപം ഡോംബിവ്ലിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. 

‘താക്കറെ വിഭാഗത്തിലെ ചില എംഎൽഎമാരും എംപിമാരും ഞങ്ങളുമായി സമ്പർക്കത്തിലാണെന്നും വരും സമയങ്ങളിൽ ആരൊക്കെ എവിടെ പോകുന്നു, ആരുമായി സമ്പർക്കം പുലർത്തുന്നു എന്ന് അറിയാൻ കഴിയുമെന്നും ഡോ. ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. ഉദ്ധവ് താക്കറെയെയും അദ്ദേഹം പരിഹസിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഉദ്ധവിന്റെ പ്രസ്താവന ടൈംപാസിനായി നടത്തിയതാണെന്നാണ് ശ്രീകാന്ത് ഷിൻഡെ പറഞ്ഞത്.

നേരത്തെ കേന്ദ്രമന്ത്രി നാരായൺ റാണെയും ഇതേ അവകാശവാദവുമായി എത്തിയിരുന്നു. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) ഇപ്പോൾ അവസാനിച്ചു. ഇനി ഒരു ശിവസേനയും അവശേഷിക്കുന്നില്ല. അവശേഷിക്കുന്ന 5-6 എംഎൽഎമാരും അവർക്കൊപ്പം പോകും. എപ്പോൾ വേണമെങ്കിലും ബിജെപിയിൽ ചേരാം. 2019ലെ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ 56 എംഎൽഎമാർ വിജയിച്ചതിൽ 5-6 പേർ മാത്രമാണ് അവശേഷിക്കുന്നത്. അവരും പോകും’ എന്നാണ് നാരായൺ റാണ പറഞ്ഞത്.