റോം: സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ഒരു തുടർച്ചയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. പുരുഷമേധാവിത്തം മനുഷ്യരാശിക്ക് നാശമാണെന്നും സ്ത്രീ ജനനേന്ദ്രിയ ഛേദം കുറ്റകരമാണെന്നും അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ വനിതാ പ്രതിഷേവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പോപ്.

സ്ത്രീകൾ ദൈവത്തിന്‍റെ വരദാനമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവന് കൂട്ടായി ഒരു നായക്കുട്ടിയെയല്ല നൽകിയത്. ഇരുവരെയും തുല്യരായാണ് സൃഷ്ടിച്ചത്. സ്ത്രീകളുടെ സാന്നിധ്യമില്ലാതെ ഒരു സമൂഹം മുന്നോട്ടു പോകില്ല.

ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടനുസരിച്ച് സ്ത്രീ ജനനേന്ദ്രിയ ഛേദം (എഫ്.ജി.എം) ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ഉൾപ്പെടെ 30 രാജ്യങ്ങളിൽ നടത്തുന്നുണ്ട്. നാല് ദശലക്ഷത്തിലധികം പെൺകുട്ടികൾ ഈ വർഷം എഫ്‌.ജി.എമ്മിന് വിധേയരായിട്ടുണ്ടെന്ന് യു.എൻ പറയുന്നു.

വത്തിക്കാൻ സിറ്റിയുടെ ഡെപ്യൂട്ടി ഗവർണറായി പ്രവർത്തിക്കുന്നത് സിസ്റ്റർ റാഫേല്ല പെട്രിനി എന്ന കന്യാസ്ത്രീയാണെന്ന് മാർപ്പാപ പറഞ്ഞു. സ്ത്രീകൾക്ക് സ്ഥാനം നൽകുന്തോറും കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെന്ന് മാർപ്പാപ കൂട്ടിച്ചേർത്തു. വിദേശകാര്യ സഹമന്ത്രി, വത്തിക്കാൻ മ്യൂസിയം ഡയറക്ടർ, വത്തിക്കാൻ പ്രസ് ഓഫിസിന്റെ ഡെപ്യൂട്ടി തലവൻ, ബിഷപ്പുമാരുടെ സിനഡിൽ കൗൺസിലർമാർ എന്നിങ്ങനെയെല്ലാം വനിതകളെ മാർപ്പാപ്പ നിയമിച്ചിട്ടുണ്ട്.

സ്ത്രീകളുടെ പൗരോഹിത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ പുരുഷന്മാർക്ക് മാത്രമേ പൗരോഹിത്യം സ്വീകരിക്കാൻ കഴിയൂ എന്ന് സഭ പഠിപ്പിക്കുന്നു. എന്നാൽ യേശു തന്റെ അപ്പോസ്തലന്മാരായി തിരഞ്ഞെടുത്തത് മനുഷ്യനെയാണെന്ന് മാർപ്പാപ്പ പറഞ്ഞു.