ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ വെടിവെയ്പ്പ്. അജ്ഞാതന്റെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. നെവാര്‍ക്ക് നഗരത്തിലാണ് മേല്‍ക്കൂരക്ക് മുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തയാള്‍ തോക്കുമായെത്തി പോലീസുകാര്‍ക്കു നേരെ സജീവമായി വെടിവയ്ക്കുകയായിരുന്നെന്ന് നാഷണല്‍ ഫ്രറ്റേണല്‍ ഓര്‍ഡര്‍ ഓഫ് പോലീസ് (എഫ്ഒപി) പറഞ്ഞു. പരിക്കേറ്റ രണ്ട് പോലീസുകാരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എഫ്ഒപി പങ്കിട്ട വീഡിയോ ഉദ്യോഗസ്ഥര്‍ അടുത്തുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നതായി കാണാം. പോലീസ് വാഹനങ്ങള്‍ പ്രദേശത്തെ റോഡുകള്‍ തടയുന്നതായും കാണാമായിരുന്നു.സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പ്രാദേശിക അധികാരികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നണ്ട്. സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. പ്രാദേശിക നിയമപാലകരെതുടര്‍ന്നും പിന്തുണയ്ക്കുകയും എല്ലാ താമസക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.