കര്‍ണാടയില്‍ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ രണ്ട് പേര്‍ മരിച്ചു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായാണ് സംഭവം നടന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്ച ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തില്‍ നടന്ന കാളയോട്ട മത്സരത്തില്‍ പ്രശാന്ത് (36) എന്നയാളും, സൊറാബ താലൂക്കിലെ ജേഡ് ഗ്രാമ വാസിയായ ആദി (20) ഉം ആണ് മരണപ്പെട്ടത്. 

കാളയോട്ടം നടത്താന്‍ പോലീസില്‍ നിന്ന് സംഘാടകര്‍ അനുവാദം വാങ്ങിയിരുന്നില്ല. അതാണ് രണ്ട് മരണങ്ങള്‍ക്കും കാരണമായതെന്നും പറയപ്പെടുന്നു. ദീപാവലിക്ക് ശേഷം സംഘടിപ്പിക്കുന്ന ഹോറി ഹബ്ബ എന്ന ആഘോഷത്തിന്റെ ഭാഗമായാണ് കാളയോട്ടം നടത്തുന്നത്. കാളയോട്ടം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങാത്തതിനാല്‍ തന്നെ രണ്ട് സംഭവങ്ങളെക്കുറിച്ചും പോലീസിന് യാതൊരു വിവരവുമില്ലെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തില്‍ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഞായറാഴ്ച പറഞ്ഞു.’ഇതൊരു പരമ്പരാഗത കായിക വിനോദമാണ്. മരണമുണ്ടായെങ്കില്‍ പോലീസ് അത് പരിശോധിക്കും. സംഘാടകര്‍ മുന്‍കരുതലുകള്‍ എടുക്കണമായിരുന്നു. ഞാന്‍ ജില്ലാ പോലീസുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പരാതി ലഭിച്ചാല്‍ അവര്‍ നടപടിയെടുക്കും.’ ആഭ്യന്തരമന്ത്രി പറഞ്ഞു.