പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലിക്കിടെ കണ്ടെയ്നറിനടിയില്‍പ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ ഫൈവ് റിപ്പോര്‍ട്ടര്‍ സദഫ് നയീമാണ് മരിച്ചത്. വാഹനത്തിന് സമീപം നിന്ന മാധ്യമപ്രവര്‍ത്തക തിരക്കിനിടെ കണ്ടെയ്‌നറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വാഹനം ഇവരുടെ മേല്‍ പാഞ്ഞുകയറി. സംഭവത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ തന്റെ ലോംഗ് മാര്‍ച്ച് നിര്‍ത്തിവച്ചു.

സദഫ് നയീമിന്റെ മരണത്തില്‍ ഇമ്രാന്‍ ഖാന്‍ നടുക്കം രേഖപ്പെടുത്തി. ‘ചാനല്‍ 5 റിപ്പോര്‍ട്ടര്‍ സദാഫ് നയീമിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തില്‍ ഞെട്ടലും അഗാധമായ ദുഖവും രേഖപ്പെടുത്തുന്നു,’ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതികരിച്ചു. സദാഫ് നയീം കഠിനാധ്വാനിയുമായ റിപ്പോര്‍ട്ടറായിരുന്നുവെന്നും മരിച്ചയാളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം തന്റെ ട്വീറ്റ് ചെയ്തു. 

വാര്‍ത്താവിതരണ മന്ത്രി മറിയം ഔറംഗസേബും സദഫിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഖാന്‍ ഉപയോഗിച്ചിരുന്ന ട്രക്ക് എങ്ങനെയാണ് റിപ്പോര്‍ട്ടറെ ഇടിച്ചുതെറിപ്പിച്ചതെന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. ‘എനിക്ക് അവളെ വ്യക്തിപരമായി അറിയാം. അവര്‍ കഠിനാധ്വാനിയായ ഒരു പത്രപ്രവര്‍ത്തകയായിരുന്നു. ഇമ്രാന്‍ ഖാനെ അഭിമുഖം നടത്താന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണ്,’ മന്ത്രി പറഞ്ഞു.

സംഭവത്തില്‍ അനുശോചനം അറിയിച്ച പഞ്ചാബ് മുഖ്യമന്ത്രി പര്‍വേസ് ഇലാഹി സദഫിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കുടുംബത്തിന്റെ പൂര്‍ണ സംരക്ഷണം പഞ്ചാബ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അടിയന്തരമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് നടത്താന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചത്. കിഴക്കന്‍ നഗരമായ ലാഹോറില്‍ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ വാഹനവ്യൂഹം വെള്ളിയാഴ്ച ഇസ്ലാമാബാദിലെത്തുമെന്നാണ് പ്രതീക്ഷ. ലോംഗ് മാര്‍ച്ച് നാലാം ദിവസമായ തിങ്കളാഴ്ച കാമോകെയില്‍ നിന്ന് ആരംഭിക്കുമെന്നാണ് വിവരം. നേരത്തെ, മൂന്നാം ദിവസം മാര്‍ച്ച് അവസാനിക്കുമ്പോള്‍ ഗുജ്റന്‍വാലയിലെത്താനാണ് പദ്ധതിയിട്ടിരുന്നത്.