തിരുവനന്തപുരം: കാട്ടാക്കട കണ്ഡല കരുംകുളത്ത് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലയിന്‍കീഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അരുണ്‍ ജോസാണ് മരിച്ചത്. അരുണ്‍ ജോസ് ഉള്‍പ്പെടെ ഏഴംഗ സംഘം കുളത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മീന്‍ പിടിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുളത്തില്‍ വീണത്. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

പേയാട്, മലയിന്‍കീഴ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഏഴ് സുഹൃത്തുക്കള്‍ ക്ലാസ് കട്ട് ചെയ്താണ് കരുംകുളത്ത് മീന്‍ പിടിക്കാന്‍ എത്തിയത്. ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടെ അരുണ്‍ ജോസ് കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ആഴമുള്ള ഭാഗമായതിനാല്‍ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഉടന്‍ ബഹളം വച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. ആഴംകൂടിയ ഭാഗമായതിനാല്‍ ഉടന്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവരെത്തി ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അരുണ്‍ ജോസിനൊപ്പം എത്തിയ മറ്റ് വിദ്യാര്‍ത്ഥികള്‍ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തരായിട്ടില്ല.