ന്യൂഡൽഹി : ബലാത്സംഗ കുറ്റവാളികൾക്ക് പരോളും ഇളവും നൽകുന്നത് ശക്തമായി എതിർത്ത് വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇവർ കത്തയച്ചു. ജയിൽ മോചിതരായ ബിൽക്കിസ് ബാനോ കേസ് പ്രതികൾ,​ പരോൾ ലഭിച്ച ഗുർമീത് റാം റഹീം എന്നിവരെ ജയിലിലേക്ക് തിരിച്ചയക്കണമെന്നും സ്വാതി അവശ്യപ്പെട്ടു.

2002 ആഗസ്സ് 15നാണ് ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗർഭിണിയായ ബിൽക്കിസ് ബാനോയെ പതിനെന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. അവരുടെ മൂന്ന് വയസുള്ള കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സംഘം 14 വ‌ർഷത്തിന് ശേഷം ‘നല്ല പെരുമാറ്റം ‘ എന്ന കാരണം കാട്ടി ഗുജറാത്ത് ഗോധ്ര ജയിലിൽ നിന്ന് മോചിതരായി.

ആശ്രമത്തിൽ വച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീം സിംഗ് ഇപ്പോൾ 40 ദിവസത്തെ പരോളിലാണ്. 2019ൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ് . ഈ തിരുമാനത്തെ പ്രതിപക്ഷ പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും മാദ്ധ്യമപ്രവർത്തകരുമുൾപ്പെടെ അപലപിച്ചിരുന്നു.