ലോകമെമ്പാടുമുള്ള സ്‌മാർട്ട്‌ഫോൺ കച്ചവടം 2022 മൂന്നാം പാദത്തിൽ  9.7 ശതമാനം കുറഞ്ഞ് 301.9 ദശലക്ഷം യൂണിറ്റായി. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) വേൾഡ് വൈഡ് ക്വാർട്ടർലി മൊബൈൽ ഫോൺ ട്രാക്കർ പുറത്തുവിട്ട കണക്കിലാണ് ഈ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള സ്‌മാർട്ട്‌ഫോൺ വിപണിയിലെ പ്രമുഖ  അഞ്ച് കമ്പനികളിൽ ഈ വർഷം മൂന്നാം പാദത്തിൽ 51.9 ദശലക്ഷം ഷിപ്പ്‌മെന്റുകളുമായി 1.6 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഒരേയൊരു കമ്പനി ആപ്പിൾ മാത്രമാണ്.

മറ്റെല്ലാ മുൻനിര കമ്പനികൾക്കും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവ് നേരിട്ടു. സാംസങ് മൂന്നാം പാദത്തിൽ 7.8 ശതമാനം നഷ്‌ടമാണ്‌ നേരിട്ടത്. ഷവോമിയുടെ വിഹിതത്തിൽ 8.6 ശതമാനം കുറവുണ്ടായപ്പോൾ, വിവോയ്ക്ക് നേരിടേണ്ടി വന്നത് 22.1 ശതമാനം നഷ്‌ടമാണ്‌. ഓപ്പോ 22.3 ശതമാനത്തിന്റെ ഇടിവും അനുഭവിക്കേണ്ടി വന്നു.

ഡിമാൻഡിന്റെ അഭാവം, വർധിച്ചുവരുന്ന ചെലവുകൾ, പണപ്പെരുപ്പം എന്നിവ ഉപഭോക്താക്കളെ ബാധിച്ചതോടെ വളർന്നുവരുന്ന വിപണികളിൽ നിന്നാണ് ഭൂരിഭാഗം ഇടിവും ഉണ്ടായത്. ഈ പാദത്തിൽ പോസിറ്റീവ് വളർച്ച കൈവരിച്ച ഒരേയൊരു കമ്പനി ആപ്പിളാണെങ്കിലും, മോശം മാക്രോ ഇക്കണോമിക് സാഹചര്യം കാരണം ചൈന ഉൾപ്പെടെയുള്ള പല വിപണികളിലും അതിന്റെ വളർച്ചയ്ക്ക് വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം വിൽപ്പനയിൽ 21.2 ശതമാനം ഓഹരിയുമായി സാംസങ് ഒന്നാം സ്ഥാനത്തും, 17.2 ശതമാനം വിഹിതവുമായി ആപ്പിൾ രണ്ടാം സ്ഥാനത്തും, 13.4 ശതമാനവുമായി ഷവോമി മൂന്നാം സ്ഥാനത്തും എത്തി. വിവോയും ഒപ്പോയും 8.6 ശതമാനം ഓഹരിയുമായി നാലാം സ്ഥാനത്താണ് ഈ പാദം അവസാനിപ്പിച്ചത്. ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധികളും, മാന്ദ്യ സമാന സാഹചര്യവും തുടർച്ചയായ അഞ്ചാം പാദത്തിലാണ് സ്‌മാർട്ട്‌ഫോൺ വിപണിക്ക് ഇടിവുണ്ടാക്കുന്നത്.