മനില: മഗ്വിൻഡനാവോ പ്രവിശ്യയിലുണ്ടായ നാൽഗേ കൊടുങ്കാറ്റിൽ 47 പേർ മരിച്ചു. തുടർന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി. മരിച്ചവരിൽ അധികവും കുട്ടികളാണ്.

സ്ഥലത്ത് സൈന്യവും പൊലീസും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി നാഗിബ് സിനാരിംബോ പറഞ്ഞു.

കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. 7,000-ത്തിലധികം ആളുകളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആളുകൾ കടലിലിറങ്ങുന്നതിനും നിരോധമേർപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം തന്നെ ഫിലിപ്പൈൻ ദ്വീപസമൂഹത്തിൽ ആഞ്ഞടിക്കുന്ന 16-ാമത്തെ കൊടുങ്കാറ്റാണ് നൽഗേ. ഫിലിപ്പീൻസിൽ ഓരോ വർഷവും 20 ചുഴലിക്കാറ്റുകളെങ്കിലും ഉണ്ടാകാറുണ്ട്. പെസഫിക് സമുദ്രത്തിന്റെ ‘റിങ് ഓഫ് ഫയർ’ എന്ന ഭാഗത്ത് നിരവധി അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും സംഭവിക്കാറുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ദുരന്തബാധിത രാജ്യങ്ങളിലൊന്നാക്കി ഫിലിപ്പീൻസിനെ മാറ്റുന്നു.