ഇറാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്. മതപോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച 22 കാരി മഹ്സ അമിനിയുടെ നാല്പതാം ചരമ ദിനത്തിലായിരുന്നു സംഘര്‍ഷം. മഹ്സ അമിനിയുടെ സംസ്‌കാര സ്ഥലത്ത് തടിച്ചുകൂടിയ ആയിരങ്ങള്‍ ഇറാന്‍ പരമോന്നത നേതാവിനെതിരെ മുദ്രാവാക്യം മുഴക്കി. തുടര്‍ന്നാണ് പോലീസ് വെടിവച്ചത്. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു. 

ശിരോവസ്ത്രം ഊരിമാറ്റി നൂറുകണക്കിന് സ്ത്രീകളും പ്രക്ഷോഭത്തില്‍ അണി ചേര്‍ന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ മത പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനിക്ക് കസ്റ്റഡിയില്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. സദാചാര പോലീസ് അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് മഹ്‌സ മരണപ്പെട്ടത്. സെപ്റ്റംബര്‍ 16 നാണ് മരണം സ്ഥിരീകരിച്ചത്. അന്നുമുതല്‍ ഇറാനില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 250 ലേറെ പേര്‍ കൊല്ലപ്പെട്ടു. 

‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകള്‍ രോഷം പ്രകടമാക്കി. ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പോലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിരുന്നു. 

‘സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയും സാക്വസ് നഗരത്തിലെ സിന്ദാന്‍ സ്‌ക്വയറില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.’- ഇറാനിലെ കുര്‍ദിഷ് പ്രദേശങ്ങളിലെ അവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന നോര്‍വേ ആസ്ഥാനമായുള്ള ഗ്രൂപ്പായ ഹെന്‍ഗാവ് ട്വീറ്റ് ചെയ്തു.